തിരുവനന്തപുരം: ഗവ മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം ലോക രക്തദാന ദിനാചരണം നടത്തി. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി ഡോ ശശികല പരിപാടി ഉദ്ഘാടനം ചെയ്തു. ജീറിയാട്രിക് മെഡിസിൻ വിഭാഗം മേധാവി ഡോ ശ്രീനാഥ് മുഖ്യപ്രഭാഷണം നടത്തി. ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ജൂൺ 14 ന് രക്തദാന ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. സുരക്ഷിതമായ രക്തദാനത്തെക്കുറിച്ചും രക്ത ഘടകങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുവാനും രക്തദാനത്തിന്റെ മാഹാത്മ്യത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുവാനും നടത്തിയ ചടങ്ങിൽ രക്തദാതാക്കളെ ആദരിക്കുകയും ചെയ്തു. ജില്ലയിലെ ഐ ഐ എസ് ഇ ആർ , ഡിവൈ എഫ് ഐ, എ ഐ വൈ എഫ്, മോഹൻലാൽ ഫാൻസ് അസോസിയേഷൻ എന്നീ സംഘടനകളെ ആദരിച്ചു. അപൂർവ്വ രക്തമായ ബോംബെ രക്ത ഗ്രൂപ്പുള്ള ദാതാവ് ഹരിക്കുട്ടനെയും മറ്റു രക്തദാതാക്കളായ ഡോ ചാൾസ്, ശരത് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. \'രക്തം ദാനം ചെയ്യൂ പ്രത്യാശ നൽകൂ ഇവയിലൂടെ ജീവൻ രക്ഷിക്കൂ\' എന്ന ഈ വർഷത്തെ പ്രമേയത്തെ പറ്റിയുള്ള ക്ലാസുകളും സംഘടിപ്പിച്ചു. ഡോ ദൃശ്യ, ഡോ ഷിഫി, ഡോ പൂർണിമ, ഡോ ഷാനവാസ്, ഡോ ശ്രീലക്ഷ്മി, ഡോ ദേവിക എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ചിത്രം: ഗവ മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി ഡോ ശശികല ലോക രക്തദാന ദിനാചരണം ഉദ്ഘാടനം ചെയ്യുന്നു